സ്വന്തം ലേഖകന്‍: ടെക്സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടെക്സസ് സംസ്ഥാനത്തെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവയ്പു നടത്തി 27 കൊന്ന ഡെവിന് കെല്ലി (26) മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വയസുള്ള കുഞ്ഞു മുതല്‍ 72 കാരന്‍വരെ കൊല്ലപ്പെട്ട ആക്രമണത്തില്‍ പള്ളിയിലെ പാസ്റ്ററുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടു.
ഭാര്യയെയും കുട്ടിയെയും ആക്രമിച്ചതിന് കോര്‍ട്ട്മാര്‍ഷല്‍ ചെയ്ത് സേനയില്‍നിന്ന് പുറത്താക്കിയ ഇയാള്‍ ഒരു വര്‍ഷം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. വില്‍സണ്‍ കൗണ്ടിയിലെ സതര്ലാന്റിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ഡെവിന് തുരതുരാ വെടിയുതിര്‍ത്തത്. സംഭവത്തില്‍ 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്നു രക്ഷപ്പെട്ട കെല്ലിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2012 മുതല്‍ 14 വരെ ന്യൂമെക്സിക്കോ സംസ്ഥാനത്തെ ഹോളോമാന് വ്യോമസേനാ താവളത്തിലാണ് കെല്ലി ജോലി ചെയ്തിരുന്നത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കെല്ലി സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പോസ്റ്റുകള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരിതിയാണ് ഇതെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല