സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുവൈത്തില്‍ കഴിയാവുന്ന പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റ് കമ്മിറ്റിയാണ് ജനസംഖ്യാ സന്തുലനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നിലവില്‍ കുവൈത്തിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. 31,50,115 വിദേശികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്.
ഇത് മൊത്തം ജനസംഖ്യയുടെ 69.7 ശതമാനം വരും. 30.2 ശതമാനം മാത്രമാണ് സ്വദേശികള്‍. പത്തു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. ഏഴു ലക്ഷമുള്ള ഈജിപ്തുകാര്‍ രണ്ടാം സ്ഥാനത്തുണ്ട്. വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തിനിടെയാണ് പാര്‍ലമെന്റ് സമിതി വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്.
ഒരു രാജ്യത്തുനിന്നുള്ള വിദേശികളുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 25 ശതമാനത്തിലും അധികമാകരുതെന്ന നിര്‍ദേശവും സമിതി ചര്‍ച്ച ചെയ്യും. തൊഴില്‍ വിപണി പരിഷ്കരിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും രാജ്യം വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ഇയ്യിടെ വിദേശികള്‍ക്ക് ചികിത്സാ ഫീസ് വര്‍ധിപ്പിച്ചതും മറ്റും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല