സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയില്‍ കുടുങ്ങിയ കോടീശ്വരനായ രാജകുമാരന് അന്‍വാലിദ് ബിന്‍ തലാലിനെ കുത്തി ട്രംപിന്റെ ട്വീറ്റ്, പണ്ട് കടക്കെണിയിലായപ്പോള്‍ രാജകുമാരന് രക്ഷിച്ചത് മറക്കരുതെന്ന് സോഷ്യല്‍ മീഡിയ. അന്‍വാലിദ് രാജകുമാരന് അറസ്റ്റിലായ വാര്‍ത്ത അറിഞ്ഞശേഷമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
‘അന്‍വാലിദ് തലാല്‍ അച്ഛന്റെ പണമുപയോഗിച്ച് യുഎസ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് നടക്കാതെ വന്നു,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തിലെ വന്‍ നിര സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള അന്‍വാലിദിന്റെ ആസ്തി 1700 കോടി ഡോളറാണ്. ട്രംപ് പരിഹസിച്ച അച്ഛന്റെ പണമുപയോഗിച്ച് ഒരിക്കല്‍ ട്രംപിനെയും രക്ഷിച്ചിരുന്നു എന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം.
പ്രസിഡന്റ് പദവിയെത്തുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍ പെട്ടു നിന്ന സമയത്താണ് അന്‍വാലിദ് രാജകുമാരന് സാമ്പത്തികമായി സഹായിച്ചത്. പിന്നീട് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ് തീരുമാനിച്ചത് സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും ശത്രുക്കളായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ അഴിമതി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ വേട്ട നടത്തിയത്. സൗദി രാജകുടുംബത്തിലെ ഇളമുറക്കാരായ പതിനൊന്ന് രാജകുമാരന്മാര്, നാല് മന്ത്രി സഭാംഗങ്ങള്‍, പന്ത്രണ്ട് മുന്‍ മന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
അഴിമതിക്കേസുകളില്‍ അറസ്റ്റിലായവരുടെ വസ്തുവകകള്‍ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ അല്‍വാലിദ് അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കിങ്ഡം ഹോള്‍ഡിങ്സ് കമ്പനിയുടെ ചെയര്‍മാനാണ് അറസ്റ്റിലായ അന്വാലീദ് ബിന്‍ തലാല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല