സ്വന്തം ലേഖകന്‍: തോക്കുപയോഗം കുത്തനെ ഉയരുന്ന അമേരിക്കയില്‍ വെടിവെപ്പ് നിത്യ സംഭവമാകുന്നു, ടെക്സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തില്‍ അനുശോചിച്ച് ട്രംപ് നല്കിയ സന്ദേശം. രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം വേണ്ടതെന്നും സംഭവത്തിനു ശേഷം ജപ്പാനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ടെക്സസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണ് ഞായറാഴ്ച സതര്‍ലാന്‍ഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ അരങ്ങേറിയത്. 23 പേരെ ചര്‍ച്ചിനകത്തും അവശേഷിച്ചവരെ പുറത്തുമാണ് ഇയാള്‍ വെടിവെച്ചിട്ടത്. കൈയില്‍ തോക്കുണ്ടായിരുന്ന മറ്റൊരാള്‍ ഇയാള്‍ക്കു നേരെ തോക്കു ചൂണ്ടിയതോടെ ആയുധം നിലത്തിട്ട് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. പൊലീസ് പിന്തുടര്‍ന്നതോടെ അപകടത്തില്‍പെട്ട വാഹനത്തില്‍ മരിച്ച നിലയിലാണ് പിന്നീട് പ്രതിയെ കണ്ടെത്തിയത്.
ചൂതാട്ട നഗരമായ ലാസ്വെഗാസില്‍ ആഴ്ചകള്‍ക്കു മുമ്പ് വെടിവെപ്പു നടത്തി സ്റ്റീഫന്‍ പാഡോക് എന്നയാള്‍ 58 പേരെ കൊല്ലുകയും 500 ലേറെ പേരെ പരിക്കേല്പിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ടെക്സസില്ലെ കൂട്ടക്കുരുതി. ഒരു മാസത്തിനിടെ തുടരെ രണ്ടു കുരുതികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും കുതിച്ചുയരുന്ന തോക്കുപയോഗത്തെ നിയന്ത്രിക്കുന്നതിനുപകരം തിടുക്കപ്പെട്ട് ന്യായീകരണവുമായി എത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല