1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേലിന്റെ പേരിലുള്ള ആരോപണം. സംഭവം വിവാദമായതോടെ, ആഫ്രിക്കന്‍ പര്യടനം റദ്ദാക്കി ബ്രിട്ടനിലേക്ക് മടങ്ങിയ പ്രീതി ലണ്ടനില്‍ തിരിച്ചെത്തിയ ഉടനെ രാജി സമര്‍പ്പിക്കുകയായിരുന്നു.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കി മടങ്ങിയെത്താന്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രീതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഒരാഴ്ചക്കിടെ തെരേസ മേയ് സര്‍ക്കാരില്‍നിന്നും രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേല്‍. ലൈംഗികാപവാദത്തില്‍ കുടുങ്ങി ദിവസങ്ങള്‍ക്ക് മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലന്‍ രാജിവെച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പ്രീതി ഇസ്രായേല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും തെരേസ മേയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും അവര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ജൂലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക ആശുപത്രിയും പ്രീതി സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നയതന്ത്ര മര്യാദയനുസരിച്ച് ബ്രിട്ടീഷ് എം.പിമാരോ മന്ത്രിമാരോ ജൂലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട്. 1967 ല്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലയാണ് ജൂലാന്‍ കുന്നുകള്‍.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ അധികൃതരുമായി ഓഗസ്റ്റില്‍ ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ വിവരം പ്രീതി തന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തി. ഉഗാണ്ടയില്‍ നിന്നും 1960 ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍.

2010 ല്‍ ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രീതി പിന്നീട് 2015 ലും 2017 ലും എംപിയായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും ഇന്ത്യന്‍ നേതാക്കളുമായുള്ള നയതന്ത്ര ചര്‍ച്ചകളിലുമെല്ലാം നിര്‍ണായക സാന്നിധ്യമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.