സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു. യുഎസില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ബാഗേജുകളില്‍ നിന്നാണ് വസ്തുക്കള്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇവര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
മൊബൈല്‍ ഫോണുകളും ക്യാമറകളും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ വിലവരുന്ന വസ്തുക്കള്‍ മോഷണം പോയതായി ഇവര്‍ ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍, ടെര്‍മിനല്‍ മാനേജര്‍, നെടുമ്പാശേരി പൊലീസ് എന്നിവര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു. ബാഗുകള്‍ എടുത്ത് വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോഴാണ് വസ്ത്രങ്ങളൊഴികെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടതായി കണ്ടത്.
വിമാനമിറങ്ങിയപ്പോള്‍ ഇവരുടെ ലഗേജ് ലഭിക്കാന്‍ വൈകിയതായും ഒരു ജീവനക്കാരി ബാഗുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതു കണ്ടതായിം ദമ്പതികള്‍ ആരോപിക്കുന്നു. ബാഗുകള്‍ താഴിട്ടു പൂട്ടുന്നതിന് ഖത്തര്‍ എയര്‍വേയ്സിന്റെ വിലക്കുള്ളതിനാല്‍ പ്ലാസ്റ്റിക് കൊണ്ട് കെട്ടുകയായിരുന്നു. വിലകൂടിയ 13 പെര്‍ഫ്യൂം, അഞ്ച് വാച്ചുകള്‍, ലൈറ്റുകള്‍, വസ്ത്രങ്ങള്‍, ഡയബറ്റിക് ടെസ്റ്റിങ് കിറ്റ്, ലേഡീസ് ബാഗുകള്‍ തുടങ്ങിയവയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല