സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് 2019 മാര്‍ച്ച് 29 ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് പ്രാബല്യത്തില്‍, ഇക്കാര്യത്തില്‍ ഇനി ഒരു ചുവട് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന് പിന്‍വാങ്ങല്‍ ബില്ലില്‍ ഈ തിയതിയും സമയവും എഴുതിച്ചേര്‍ക്കുമെന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് അറിയിച്ചു.
പിന്‍വാങ്ങല്‍ തീയതി രേഖപ്പെടുത്തിയ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കും. ബ്രെക്സിറ്റ് തീരുമാനം അന്തിമമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തീരുമാനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി തെരേസാ മേ ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
ബ്രെക്സിറ്റ് സംബന്ധിച്ച സുപ്രധാന വിഷയങ്ങളില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ അന്ത്യശാസനം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് തെരേസാ മേയ് ബ്രെക്സിറ്റ് തിയതിയും സമയവും പ്രഖ്യാപിച്ചത്. രണ്ടാഴ്ചക്കകം ബ്രെക്സിറ്റ് ബില്ലില്‍ തീരുമാനത്തിലെത്തിയില്ലെങ്കില്‍ വ്യാപാര ചര്‍ച്ചകള്‍ ഈ വര്‍ഷം നടക്കില്ലെന്നും യൂറോപ്യന്‍ കമീഷന്‍സ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയര്‍ ഭീഷണി മുഴക്കിയിരുന്നു.
ഐറിഷ് അതിര്‍ത്തി, പൗരന്മാരുടെ അവകാശം, ബ്രെക്സിറ്റ് ബില്ല് എന്നിവ സംബന്ധിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിയാലോചനയിലൂടെ ബ്രെക്സിറ്റ് സംബന്ധമായ വിഷയങ്ങള്‍ക്ക് പരിഹാരം കാണേണ്ട സമയമാണിതെന്ന് ഡേവിഡ് ഡേവിസ് പറഞ്ഞു. ബ്രിട്ടന് ഇ.യു വിട്ടുപോകുമ്പോള്‍ നല്കുന്ന തുകയെ സംബന്ധിച്ച് ധാരണയില്‍ എത്തണമെന്നും ബേണിയര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല