സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനികാഭ്യാസം, ഒപ്പം ജപ്പാനും ദക്ഷിണ കൊറിയയും. ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുയെന്നു നാവികസേന അറിയിച്ചു. രണ്ട് അകമ്പടിക്കപ്പലുകളും ഇതോടൊപ്പമുണ്ടാകും. യുഎസിന്റെ മൂന്നു വിമാനവാഹിനി കപ്പലുകള്‍ക്ക് ഒപ്പമായിരിക്കും ജാപ്പനീസ് കപ്പലുകളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക.
യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡര്‍ റൂസ്വെല്‍റ്റ് എന്നീ കപ്പലുകള്‍ക്കൊപ്പം ഇസെ, ഇനാസുമ, മകിനാമി എന്നീ ജാപ്പനീസ് കപ്പലുകളാണ് അഭ്യാസത്തിനെത്തുക. കൊറിയന്‍ പെനിന്‍സുലയോടു ചേര്‍ന്നായിരിക്കും ഞായറാഴ്ച യുഎസ്–ജപ്പാന് സംയുക്ത സൈനികാഭ്യാസം. ഒരു ദശാബ്ദക്കാലത്തിനിടെ ഇതാദ്യമായാണു മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്.
എഫ് 18 സ്ട്രൈക്കര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ യുദ്ധവിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് യുഎസിന്റെ കപ്പലുകള്‍. അതേസമയം, വ്യത്യസ്തമായ മറ്റൊരു നാവികാഭ്യാസത്തില്‍ ദക്ഷിണ കൊറിയയുടെ ഏഴു കപ്പലുകളായിരിക്കും യുഎസിനൊപ്പം പങ്കെടുക്കുക. 14 യുഎസ് യുദ്ധക്കപ്പലുകള്‍ ഇതിനായെത്തും. ഇതോടൊപ്പം വ്യോമാഭ്യാസവും ഉണ്ടാകും. നവംബര്‍ 11 മുതല്‍ 14 വരെയാണ് അഭ്യാസപ്രകടനം.
ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി വിയറ്റ്നാമില്‍ നടക്കുന്നതിനിടെയാണു സംയുക്ത നാവികാഭ്യാസം. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. 12 ദിവസത്തെ ഏഷ്യന്‍ പര്യടനത്തിനിടെ ഇതിനോടകം ട്രംപ് ടോക്കിയോയിലും സോളിലും ബെയ്ജിങ്ങിലും സന്ദര്‍ശനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല