സ്വന്തം ലേഖകന്‍: പുരസ്കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്ബോള്‍ താരം രംഗത്ത്. മുന്‍ ഗോളി ഹോപ് സോളോയാണ് 2013 ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങളെല്ലാം സെപ് ബ്ലാറ്റര്‍ നിരസിച്ചു.
2013 ജനുവരിയില്‍ 2012ലെ മികച്ച വനിതാ ഫുട്ബോളറെ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ബ്ലാറ്ററും സോളോയും ഒരുമിച്ചാണ് കയറി വന്നത്. ഇരുവരും ചേര്‍ന്നായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്തിയതും. അമേരിക്കന്‍ ടീമിലെ ഹോപ് സോളോയുടെ സഹതാരമായ ആബെ വാംബാച്ചായിരുന്നു അക്കൊല്ലത്തെ മികച്ച താരം. പുരസ്കാര ദാന ചടങ്ങിന് ശേഷം ബ്ലാറ്ററെ കാണാന്‍ പോലും കഴിഞ്ഞില്ലെന്നും ഇല്ലെങ്കില്‍ തന്നോടുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് അപ്പോള്‍ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും ഹോപ് സോളോ പറഞ്ഞു.
സാമ്പത്തിക അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററെ ഫിഫ തന്നെ 2015 ല്‍ വിലക്കിയിരുനു. 20 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ അഴിമതി ആരോപണമാണ് ബ്ലാറ്റര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. 1998 മുതല്‍ 2015വരെ ഫിഫ പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തിയാണ് സെപ് ബ്ലാറ്റര്‍. 2004 ല്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലും സെപ് ബ്ലാറ്റര്‍ പുലിവാല് പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല