സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ സര്‍ക്കാരിന് തലവേദനയായി വീണ്ടും ഇരട്ട പൗരത്വ വിവാദം, അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. ഭൂരിപക്ഷത്തിനു രണ്ടു പേരുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലായി. ഇതിന്റെ പേരില്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ടേണ്‍ബുള്‍ എങ്കിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു രാജ്യങ്ങളില്‍ പൗരത്വമുള്ളവര്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗമാകുന്നതിനു വിലക്കുണ്ട്. കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടിയംഗമായ ജോണ്‍ അലക്സാണ്ടറാണ് ഏറ്റവും അവസാനം ഇരട്ടപൗരത്വത്തില് കുടുങ്ങിയിരിക്കുന്നത്. പിന്തുടര്ച്ചവഴി ഇദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നു കണ്ടെത്തി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തോട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അലക്സാണ്ടര്‍ ആവശ്യപ്പെട്ടു. ഇരട്ട പൗരത്വമുണ്ടെന്നു തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ പൗരത്വമുണ്ടെന്നു തെളിഞ്ഞ അഞ്ച് എംപിമാര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ മാസം അയോഗ്യത കല്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍ണബി ജോയിസ് അടക്കമുള്ളവര്‍ക്ക് പദവി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടു സ്വതന്ത്ര എംപിമാരുടെ പിന്തുണയിലാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ടേണ്‍ബുള്‍ ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി വിയറ്റ്നാമിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല