സ്വന്തം ലേഖകന്‍: മധ്യ പൂര്‍വേഷ്യയില്‍ ശക്തമായ ഭൂചലനം, കുലുങ്ങി വിറച്ച് ഇറാഖും കുവൈത്തും തുര്‍ക്കിയും, ഇറാനില്‍ 61 പേര് കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിന്താസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ എട്ടു ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കുവൈത്തില്‍ ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്. യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു, ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അപകട വിവരങ്ങള്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല