സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്. നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ കെട്ടിവലിക്കുന്നതിനുമുന്പായി ജ്യോതിയോട് പുറത്തിറങ്ങാന്‍ പറയുന്നതു മുതലാണ് ഈ വീഡിയോയില്‍ ഉള്ളത്.
എന്നാല്‍ പൊലീസ് ഇത് ആവശ്യപ്പെടുമ്പോള്‍ കുഞ്ഞ് വാഹനത്തിന്റെ പുറത്ത് നില്ക്കുന്ന മറ്റൊരാളുടെ കൈയ്യിലാണ് ഉള്ളത്. കാര്‍ കെട്ടിവലിക്കുമെന്ന് പറഞ്ഞ് പൊലീസുകാരന് പോയതിനു ശേഷമാണ് കുട്ടിയെ കാറിനകത്തിരിക്കുന്ന ജ്യോതിക്ക് കൈമാറിയത്. ഇതോടെ കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോയി എന്ന ജ്യോതിയുടെ വാദം തെറ്റാണെന്ന് വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ പുതിയ വീഡിയോ കൂടി പുറത്തുന്നതോടെ ജ്യോതിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ രേഖ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല