സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കസേരയിളകുന്നു, അണിയറയില്‍ പുറത്താക്കല്‍ നീക്കം ശക്തമാക്കി സ്വന്തം പാര്‍ട്ടിയിലെ വിമതര്‍. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വിമതര്‍ തെരേസ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 40 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിമാര്‍ പ്രമേയത്തില്‍ ഒപ്പുവെക്കാന്‍ തയാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എട്ടു പേരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാന്‍ കഴിയും. അങ്ങനെ തെരേസാ മേയെ താഴെയിറക്കാണ് വിമതര്‍ പദ്ധതിയിടുന്നത്. ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് തെരേസാ മേയ്ക്കെതിരെ പാളയത്തില്‍ പട ശക്തമായത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം നഷ്ടമായത് തെരേസാ മേയുടെ രാജിയ്ക്കായുള്ള മുറവിളിയുടെ ആക്കം കൂട്ടി.
കണസര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതനീക്കം കൂടുതല്‍ ബാധിക്കുക ബ്രെക്സിറ്റ് നടപടികളെയായിരിക്കും. 2019 മാര്‍ച്ച് 19 ഓടെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം മേയ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചതും പ്രധാനമന്ത്രിയ്ക്ക് തലവേദനയായി. ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനും ഇസ്രായേല്‍ അധികൃതരുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ തുടര്‍ന്ന് പ്രീതി പട്ടേലുമാണ് രാജിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല