സ്വന്തം ലേഖകന്‍: 2022 ഓടുകൂടി നരേന്ദ്ര മോദി ഇന്ത്യയെ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്നും ആദിത്യനാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2022 ആകുമ്പോഴേക്ക് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.
2022 ഓടുകൂടി മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. യു.പി മന്ത്രിസഭയുടെ ഒന്നാം വര്‍ഷികത്തില്‍ ക്ഷേത്രത്തിന് തറക്കല്ലിടണമെന്ന ദിശയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും ആദിത്യനാഥ് പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ വിവാദമായ താജ്മഹല്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും ആദിത്യനാഥ് പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വതന്ത്രരാണെന്നും കുറ്റകൃത്യങ്ങളോട് യാതൊരു വിധത്തിലുള്ള സഹിഷ്ണുതയും അവര്‍ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല