സ്വന്തം ലേഖകന്‍: വിമാനയാത്രയ്ക്ക് ബോഡിങ് പാസുകള്‍ ഇനി പഴങ്കഥയാകും, രാജ്യത്ത് ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോഡിങ്ങ് നടത്താന്‍ നീക്കം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിലെ പരിശോധന നടപടികള്‍ ലളിതമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണു കേന്ദ്ര വ്യോമയാന മന്ത്രാലയമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശോധനകളും മറ്റും കുറച്ച് പരമാവധി തടസ്സങ്ങളില്ലാതാക്കി വിമാനയാത്ര പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. നേരത്തെ ഹാന്‍ഡ് ബാഗേജുകള്‍ സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കിയത് വിജയകരമായിരുന്നു. പുതിയ സംവിധാനത്തില്‍ വിമാനത്താവള സുരക്ഷാ സേനയുടെ ഇടപെടല്‍ വളരെ കുറയും. പദ്ധതി സംബന്ധിച്ച വിശദപഠനം നടത്തുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ഗുരുപ്രസാദ് മോഹപത്ര ചെയര്‍മാനായി പ്രത്യേക സമിതിയെ നിയോഗിച്ചു.
വിവിധ വിമാനക്കമ്പനികളുടെയും വിമാനത്താവളക്കമ്പനികളുടെയും പ്രതിനിധികള്‍ അംഗങ്ങളാണ്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ബയോമെട്രിക് ബോഡിങ്, ഡിബോഡിങ് നടക്കുന്നുണ്ട്. രാജ്യത്ത് മുഴുവന്‍ ഉപയോഗപ്രദമായ വിധത്തില്‍ പൊതുസംവിധാനം ഇതിനായി കണ്ടെത്തും. തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല