സ്വന്തം ലേഖകന്‍: ‘ഇന്ത്യ എന്നും പിടിച്ചെടുക്കുകയല്ല, നല്കുകകയാണു ചെയ്തിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്,’ ഫിലിപ്പീന്‍സില്‍ ലോക രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍ ഉച്ചകോയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സാധ്യമാണെന്നു പറയാനുള്ള ആത്മവിശ്വാസം, മൂന്നു വര്‍ഷം ഇന്ത്യയെ ഭരിച്ചതിലൂടെ തനിക്കുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചരിത്രം ഓര്‍മിപ്പിച്ച് ചൈനയ്ക്കും മോദി മറുപടി നല്കി. ആരുടെയെങ്കിലും ഭൂമി തട്ടിയെടുക്കാനോ പിടിച്ചുപറിക്കാനോ ഇന്ത്യയ്ക്കു താത്പര്യമില്ല. ചരിത്രം അതു വ്യക്തമാക്കുന്നു. ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിലാണ് ഇന്ത്യ അതിന്റെ ഊര്‍ജം മുഴുവന്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കല്‍ ആ നിലയിലെത്തിയാല്‍ എല്ലാവരെയും കവച്ചുവയ്ക്കുന്നതില്നിന്ന് ഇന്ത്യയെ ആര്‍ക്കും തടയാനാവില്ല. 21 ആം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ഇന്ത്യയുടേതാണെന്ന് ഞാന്‍ പറയുന്നു.
കുതിപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകും. അതു തരണം ചെയ്തുകഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. ലോകം ഇപ്പോള്‍ ഇന്ത്യയെ ആദരവോടെയാണു വീക്ഷിക്കുന്നത്. ലോകസമാധാനത്തിന് ഇന്ത്യ വഹിച്ചിട്ടുള്ള സൈനിക പങ്കാളിത്തവും മോദി ചൂണ്ടിക്കാട്ടി. ആസിയാന്‍ ബിസിനസ് ഫോറത്തില്‍ സംസാരിച്ച മോദി നോട്ടു നിരോധനം, ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കല്‍ എന്നിവയെ പുകഴ്ത്താനും മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല