സ്വന്തം ലേഖകന്‍: റഷ്യ പാശ്ചാത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും സൈബര്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു, പുടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ സൈബര്‍ ചാരപ്രവര്‍ത്തനം നടത്തുന്നവരും സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെടുന്നവരുമാണെന്നാണ് തെരേസ മേയുടെ ആരോപണം.
എന്നാല്‍, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. തിങ്കളാഴ്ച രാത്രി ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു റഷ്യക്കെതിരേ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.
എന്നാല്‍, ഇതെല്ലാം തെറ്റായ ധാരണയും വ്യാജ വാര്ത്തയുമാണെന്നാണ് ബ്രിട്ടണിലെ റഷ്യന്‍ എംബസി പ്രതികരിച്ചത്. തിരിഞ്ഞുകുത്തുന്ന പ്രസംഗങ്ങളിലൂടെ വിഡ്ഢിവേഷം കെട്ടാന്‍ ശ്രമിക്കരുതെന്നായിരുന്നു മുതിര്‍ന്ന റഷ്യന്‍ സെനറ്റര്‍മാരുടെ പ്രതികരണം. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്സണ് അടുത്തമാസം റഷ്യ സന്ദര്‍ശിക്കാനിരിക്കെയാണ് മേയുടെ രൂക്ഷമായ പ്രതികരണം.
2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്റെ വാദം വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് റഷ്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും സൈബര്‍ ചാരന്മാരുമാണെന്ന് തെരേസ മേയ് തുറന്നടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല