സ്വന്തം ലേഖകന്‍: ആട്ടിയോടിച്ച റോഹിംഗ്യന്‍ മുസ്ലീങ്ങളെ തിരികെ സ്വീകരിക്കണമെന്ന് മ്യാന്മറിനോട് ഐക്യരാഷ്ട്ര സഭ. പലായനം ചെയ്ത റോഹിംഗ്യകളെ തിരികെ മ്യാന്മറിലേക്ക് പ്രവേശിപ്പിക്കണമെന്ന് യു.എന്‍ മേധാവി അേന്റാണിയോ ഗുട്ടെറസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ടു. സൂചിയുമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഇക്കാര്യം ഉന്നയിച്ചത്.
മ്യാന്മര്‍ കൂടി അംഗമായ ‘ആസിയാന്‍’ മേധാവികളുടെ ഉച്ചകോടിക്കിടെയായിരുന്നു ഇത്. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടക്കുന്ന വംശീയാതിക്രമങ്ങളില്‍ ആഗോള തലത്തില്‍തന്നെ സൂചിക്കു മേല്‍ സമ്മര്‍ദം ശക്തിപ്പെടുന്നതിനിടെയാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശം. മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതോടൊപ്പം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അനുരഞ്ജന ശ്രമവും അനിവാര്യമായിരിക്കുകയാണെന്ന് സൂചിയെ അറിയിച്ചതായും യു.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറു ലക്ഷത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. രാഖൈന്‍ സംസ്ഥാനത്ത് മ്യാന്മര്‍ സൈന്യം ബലാത്സംഗവും കൊള്ളിവെപ്പും അടക്കമുള്ള അതിക്രമങ്ങള്‍ തുടരുന്നതായും പലായനം നിലച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വടക്കന്‍ രാഖൈനിലേക്ക് മാധ്യമപ്രവര്‍ത്തകരെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ അധികൃതര്‍ കടത്തിവിടുന്നില്ല. രാജ്യത്തു നടക്കുന്ന മുസ്‌ലിം വിരുദ്ധ അതിക്രമങ്ങളില്‍ പ്രതികരിക്കാന്‍ നൊബേല്‍ സമ്മാന ജേതാവുകൂടിയായ സൂചി ഇതുവരെ തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല