സ്വന്തം ലേഖകന്‍: അപൂര്‍വ ഭൂകമ്പത്തില്‍ കുലുങ്ങി ദക്ഷിണ കൊറിയ, പ്രകമ്പനം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങള്‍ മൂലമെന്ന് നിഗമനം. റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂകമ്പം ഭൂകമ്പ മേഖലയില്‍ അല്ലാത്ത ദക്ഷിണ കൊറിയയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പമാണിത്.
ആദ്യ ഭൂകമ്പത്തിനു ശേഷം 4.3 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ തുടര്‍പ്രകമ്പനങ്ങളും ഉണ്ടായതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ പലപ്പോഴും മേഖലയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപ്രതീക്ഷിത ഭൂകമ്പം അനുഭവപ്പെട്ടതോടെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ആണവ പരീക്ഷണം നടത്തിയോ എന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതരുടെ സംശയം.
ഉച്ചയ്ക്കു രണ്ടരയോടെയുണ്ടായ ഭൂകമ്പത്തില്‍ തലസ്ഥാനമായ സോളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുറമുഖ നഗരമായ പോഹാങ്ങില്‍ നിന്നു 9.3 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നു 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളില്‍ കെട്ടിടങ്ങള്‍ വിറച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ഏഴു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല