ലിയോസ് പോള്‍: ഓക്സ്ഫോഡിലെ ഇസ്!ലിപ് വില്ലേജ് ഹാളില്‍ കേരളത്തിന്റെ തനതായ രീതിയില്‍ അണിയിച്ചൊരുക്കിയ വേദിയില്‍ ചേതന യുകെ ഐക്യ കേരളത്തിന്റെ 61ആം ജന്മദിനം ആഘോഷിച്ചു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും ജനാധിപത്യ വത്കരണത്തിന്റെയും ഫലമാണ് കേരളം നേടിയെടുത്ത എല്ലാ പുരോഗതിയും എന്നും, അവ കാത്തു സംരക്ഷിക്കാനും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും ചേതന യുകെ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചു കൊണ്ടു നടന്ന സാംസ്ക്കാരിക സമ്മേളനം അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ് ഉത്ഘാടനം ചെയ്തു.
സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ട് മൂലധനം എന്ന സൈദ്ധാന്തിക ഗ്രന്ഥം മാര്‍ക്സ് രചിച്ചിട്ട് 150 വര്‍ഷങ്ങളും അതേ തുടര്‍ന്ന് റഷ്യയില്‍ സംഭവിച്ച ഒക്ടോബര്‍ സോഷ്യലിസ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലെ കേരളപ്പിറവി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് എന്ന് ഹര്‍സേവ് ബൈന്‍സ് അഭിപ്രായപ്പെട്ടു. കാരണം, കേരളം കൈവരിച്ച പ്രധാന നേട്ടങ്ങള്‍ക്കെല്ലാം പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചത് മൂലധനവും, വിപ്ലവാനന്ദരം രൂപപ്പെട്ട സോവിയറ്റ് ഭരണകൂടവും അവയെ പിന്തുടര്‍ന്ന കേരളത്തിലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയുമാണ്. എല്ലാവര്ക്കും വിദ്യാഭ്യാസവും തൊഴിലും, കൃഷി ഭൂമി കര്ഷകന്, ഭൂസംരക്ഷണം, സ്ത്രീപുരുഷ സമത്വം, സാമൂഹ്യ നീതിയിലും, സാമ്പത്തിക നീതിയിലും അധിഷ്ടിതമായ വ്യവസ്ഥിതി തുടങ്ങിയ മാനവിക കാഴ്ച്ചപ്പാടുകളെല്ലാം മുന്നോട്ട് വച്ചത് മൂലധനവും സോവിയറ്റ് ഭരണകൂടവും ആയിരുന്നു. ചേതന യുകെ പ്രസിഡന്റ് വിനോ തോമസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ചേതന യുകെ ട്രെഷറര്‍ ലിയോസ് പോള്‍ സ്വാഗതവും ഓക്സ്ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറി ഏബ്രഹാം മാരാമന്‍ നന്ദിയും പറഞ്ഞു.
സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചേതന യുകെ സെക്രട്ടറി ശ്രീകുമാര്‍, ചേതന വൈസ് പ്രസിഡന്റും യുക്മ വൈസ് പ്രസിഡന്റും ആയ സുജൂ ജോസഫ്, ഓക്സ്ഫോഡിലെ മലയാളി സമാജം പ്രസിഡന്റും യുക്മ റീജിയണല്‍ പ്രസിഡന്റും ആയ വര്‍ഗ്ഗീസ് ചെറിയാന്, ഓക്സ്ഫോര്‍ഡ് മലയാളി സമാജം പ്രസിഡന്റ് പ്രമോദ് കുമരകം, ബെറിന്സ്ഫില്ഡിലെ മലയാളി കൂട്ടായ്മയായ ഒരുമയുടെ പ്രസിഡന്റ് ജോജി സെബാസ്റ്റ്യന്‍, ബിസ്റ്റര്‍ മലയാളി സമാജത്തിന്റെ പ്രതിനിധി അജി പോള്‍,സേവനം യുകെ ഭാരവാഹി ബൈജു പാലക്കല്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനാനന്ദരം അരങ്ങേറിയ വര്‍ണ്ണാഭമായ കലാസന്ധ്യയില്‍ ഓക്സ്ഫോര്‍ഡിലെയും ബെറിന്സ്ഫില്ഡിലെയും നിരവധി കലാകാരന്മാരും കലാകാരികളും മാറ്റുരച്ചപ്പോള്‍ സദസ്യര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അതൊരു വിസ്മയമായി അനുഭവപ്പെട്ടു. ആഘോഷപരിപാടിയിലുടനീളം ശബ്ദവും വെളിച്ചവും ഒരുക്കിയ ഗ്രേസ് മെലോഡീസ് ഹാംപ്ഷയറിനും പരിപാടിയാകെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോജിന്സിന്റെ ജിനു വര്‍ഗീസിനും പ്രത്യേക നന്ദി അറിയിച്ചു കൊണ്ട് ആഘോഷപരിപാടികള്‍ രാത്രി 9 മണിയോട് കൂടി സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല