സ്വന്തം ലേഖകന്‍: പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം, ഹരിയാനക്കാരി മാനുഷി ചില്ലര്‍ ലോക സൗന്ദര്യത്തിന്റെ റാണി. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിപ്പട്ടം അണിഞ്ഞത്. ഇതോടെ മാനുഷി ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി മാറി. ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാരിറ്റ്‌സെ റെയേസ് റണ്ണറപ്പായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നി രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് ഫൈനലില്‍ പ്രവേശിച്ചത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന അവസാനവട്ട ചോദ്യത്തിന് ‘അമ്മയുടെ ജോലി’ എന്നാണ് മാനുഷി ഉത്തരം നല്‍കിയത്. തന്റെ അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനം എന്നും അമ്മയുടെ ജോലിയാണ് ഏറ്റവും മഹത്തരം എന്നും അത് പണത്തിനുപുറമേ ഏറെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. 20 വയസുകാരിയായ ഇവര്‍ ഹരിയാനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ആര്‍ത്തവ ശുചിത്വത്തേപ്പറ്റിയുള്ള ബോധവത്കരണത്തിനായി 20 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അയ്യായിരത്തിലേറെ സ്ത്രീകളുടെ ജീവിതം മാനുഷി മാറ്റിമറിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റയ്ത ഫരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖെ, പ്രിയങ്കാ ചോപ്ര എന്നിവരാണ് നേരത്തേ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചത്. നേരത്തെ മലയാളിയായ പാര്‍വതി ഓമനക്കുട്ടന് തലനാരിഴയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമായിരുന്നു. ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര എന്നിവര്‍ സുന്ദരിപ്പട്ടം ലഭിച്ചതിനു ശേഷം നടിമാരെന്ന നിലയിലും വെന്നിക്കൊടി പാറിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല