സ്വന്തം ലേഖകന്‍: സൗദിയില്‍ സല്മാന് രാജാവ് സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അധികാര കൈമാറ്റത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹം. ഒന്നര മാസം മുമ്പ് റഷ്യ സന്ദര്‍ശിച്ച 81 കാരനായ രാജാവിന്റെ ആരോഗ്യനില രാജ്യഭരണം നിര്‍വഹിക്കാന്‍ പറ്റുന്ന സ്ഥിതിയിലാണെന്നാണ് കൊട്ടാരവൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
മാത്രമല്ല, മകന് മുഹമ്മദിന് 32 വയസേ ഉള്ളൂ. ആധുനിക സൗദിയുടെ ചരിത്രത്തില്‍ അത്ര ചെറുപ്രായത്തില്‍ ആരും ഭരണമേറ്റിട്ടില്ല. എന്നാല്‍ അധികാരം കൈമാറ്റം സുഗമമാക്കാന്‍ അഴിമതി വിരുദ്ധ വേട്ടയുടെ മറവില്‍ തന്റെ അധികാരം ഉറപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജകുമാരന്. ഒരാഴ്ചയ്ക്കുള്ളില്‍ മുഹമ്മദിലേക്കു ഭരണച്ചുമതല മാറ്റുകയെങ്കിലും ചെയ്യുമെന്ന് ലണ്ടനിലെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നികില് രാജാവ് സ്ഥാനത്യാഗം ചെയ്യുക. അല്ലെങ്കില്‍ രാജാവ് സ്ഥാനത്തു തുടരുകയും ഭരണച്ചുമതല പുത്രനെ ഏല്പിക്കുകയും ചെയ്യുക എന്നിങ്ങനെ രണ്ട് സാധ്യതകളാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സ്ഥാപിച്ച സൗദി രാജവാഴ്ചയില്‍ ഇതുവരെ അദ്ദേഹത്തിന്റെ പുത്രന്മാരേ ഭരിച്ചിട്ടുള്ളൂ. മുഹമ്മദ് ബിന്‍ സല്മാന് സ്ഥാനമേല്ക്കുമ്പോള് പൗത്രന്മാരില് നിന്നുള്ള ആദ്യ രാജാവാകും അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല