സ്വന്തം ലേഖകന്‍: സിംബാബ്വെയില് അട്ടിമറി നടത്തിയ പട്ടാള ഭരണകൂടം പ്രസിഡന്റ് മുഗാബെയെ രാജിവെപ്പിച്ചു, രാജിവെക്കാനുള്ള തീരുമാനം ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ. 1980 മുതല്‍ സിംബാബ്!വെയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയായ സനു–പിഎഫ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബയെ അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് എമേഴ്സന്‍ നന്‍ഗാഗ്വയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്സും കൂട്ടാളികളും അധികാരം സ്വന്തമാക്കി രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണു തടയുന്നതെന്നാണു പാര്‍ട്ടിയുടെ ആരോപണം. മുഗാബെയുടെ ഭാര്യ ഗ്രെയ്സിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനിടെ മുഗാബെ രാജിവയ്ക്കാന്‍ തയാറാകാതിരുന്നതോടെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് എംപിമാര്‍ തുടക്കം കുറിക്കുകയും ചെയ്തു.
സിംബാബ്!വെ സ്വതന്ത്രമായതുമുതല്‍ 37 വര്‍ഷം മുഗാബെ ഭരണത്തിലായിരുന്നു. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതോടെ മുഗാബെയുടെ നില പരുങ്ങലിലാവുകയായിരുന്നു. രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുത്ത സൈന്യം അധികാരം എമേഴ്സന്‍ നന്ഗാഗ്വയ്ക്ക് കൈമാറുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല