സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം, കൊട്ടേഷന്‍ നല്‍കിയത് നടിയെ കൂട്ടമാനഭംഗം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍, പ്രേരണ മുന്‍വൈരാഗ്യമെന്നും പോലീസ്. നടിയെ ആക്രമിച്ചതിനുള്ള കാരണം ദിലീപിനുള്ള വ്യക്തിപരമായ വൈരാഗ്യമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്ക് നടി കാരണക്കാരിയാണെന്ന് ദിലീപ് വിശ്വസിച്ചു. ഈ പകയും വൈരാഗ്യവും നടിയെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്നും കുറ്റപത്രം പറയുന്നു.
ദിലീപ് കാവ്യ ബന്ധത്തിന്റെ തെളിവ് നടി മഞ്ജുവിന് കൈമാറിയിരുന്നു. താരസംഘടനയായ അമ്മയുടെ ക്യമ്പില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. കൃത്യം നടത്തുന്നതിനായി പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇത് പ്രകാരം 2015 നവംബര്‍ 1ന് തൃശൂര്‍ ജോയ്സ് പാലസ് ഹോട്ടലില്‍ വെച്ച് അഡ്വാന്‍സ് തുക കൈമാറി. നടി വിവാഹിതയാവുന്നതിനാല്‍ ഉടനെ കുറ്റകൃത്യം നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.
ഇരയാക്കപ്പെട്ട നടി ഒന്നാം സാക്ഷിയായ കുറ്റപത്രത്തില്‍ നടി കാവ്യാ മാധവന് മുപ്പത്തിനാലാം സാക്ഷിയാണ്. നടി മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷിയും നടന് സിദ്ദീഖ് 13ആം സാക്ഷിയുമാണ്. നടിയെ വാനിലിട്ട് മാനഭംഗപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പള്‍സര്‍ സുനി വാനിന്റെ മധ്യത്തില്‍ സ്ഥലമൊരുക്കിയിരുന്നു. ‘ഹണി ബീ ടു’ സിനിമയുടെ ഗോവയിലെ സെറ്റിലും ആക്രമണത്തിന് നീക്കമുണ്ടായി.കുറ്റകൃത്യം നടത്താന്‍ ദിലീപ് വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദിലീപ് പള്‍സര്‍ സുനിക്ക് മൂന്നുതവണയായി 1.40 ലക്ഷം രൂപ കൈമാറി ദിലീപിന്റെ ക്വട്ടേഷന്‍ അനുസരിച്ച് നടത്തിയ ആദ്യ ആക്രമണ ശ്രമമായിരുന്നു ഇത്. കൂട്ടമാനഭംഗത്തിന് ഇരയാക്കി വിഡിയോ പകര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനായി വാഹനത്തിന്റെ മധ്യത്തില്‍ സ്ഥലവും ഒരുക്കിയിരുന്നു. ഡ്രൈവര്‍ ക്യാബിനില്‍നിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തി. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍വച്ചായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല