സ്വന്തം ലേഖകന്‍: ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു. താന്‍ പ്രധാനമന്ത്രി പദം രാജിവെക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്താന്‍ പ്രസിഡന്റുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ രാജി പ്രസിഡന്റ് സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും ലബനനില്‍ തിരിച്ചെത്തിയ ഹരീരി വ്യക്തമാക്കി. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം.
ലബനന്റെ 74 ആം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും ഹരീരി പങ്കെടുത്തു. നവംബര്‍ നാലിന് സൗദി അറേബ്യയില്‍വെച്ചാണ് ഹരീരി രാജി പ്രഖ്യാപിച്ചത്. ഹിസ്ബുല്ലയുമായുള്ള രാഷ്ട്രീയ ഭിന്നതയാണ് രാജിക്ക് പിന്നിലെന്ന് അറിയിച്ച അദ്ദേഹം, തനിക്ക് വധഭീഷണിയുണ്ടെന്നും അറിയിച്ചിരുന്നു. അതേസമയം, രാജിക്കു പിന്നില്‍ സൗദിയുടെ സമ്മര്‍ദമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍, ഇക്കാര്യം സൗദിയും ഹരീരിയും നിഷേധിക്കുകയായിരുന്നു. രാജിപ്രഖ്യാപനത്തോടെ ലബനാനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുന്‍കൈ എടുത്തത്. തുടര്‍ന്ന്, ഫ്രാന്‍സ് സന്ദര്‍ശിച്ച ഹരീരി ഈജിപ്തും സന്ദര്‍ശിച്ചു. അതിനു ശേഷമാണ് ലബനാനിലേക്ക് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല