സ്വന്തം ലേഖകന്‍: ബോസ്നിയാക് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബോസ്നിയയിലെ കൊലയാളി കമാന്‍ഡര്‍ക്ക് ജീവപര്യന്തം തടവ്. കൂട്ടക്കൊലയുടെയും യുദ്ധക്കുറ്റത്തിന്റെയും പേരില്‍ മുന്‍ ബോസ്നിയന്‍ സെര്‍ബ് കമാന്‍ഡര്‍ റാഡ്കോ മ്ലാഡിച്ചിനെ(74) ഹേഗിലെ യുഎന്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1990കളിലെ ബാള്‍ക്കന്‍ യുദ്ധത്തില്‍ സ്രെബ്റെനിക്കയില്‍ ബോസ്നിയന്‍ മുസ്ലിംകളെ (ബോസ്നിയാക്)കൂട്ടക്കൊല ചെയ്യാനും സരാജെവോയെ ഉപരോധിക്കാനും നേതൃത്വം നല്കിയ ജനറല്‍ മ്ലാഡിച്ച് ബോസ്നിയയുടെ കശാപ്പുകാരന് എന്നാണ് അറിയപ്പെടുന്നത്.
വിധി വായിക്കുന്പോള് മ്ലാഡിച്ച് കോടതിയിലുണ്ടായിരുന്നില്ല. ജഡ്ജിക്കു നേരേ ആക്രോശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ കോടതിമുറിയില്‍ നിന്നു നീക്കം ചെയ്തു.എല്ലാ കുറ്റങ്ങളും മ്ലാഡിച്ച് നിഷേധിച്ചു. അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു.
ബോസ്നിയന്‍ ക്രോട്ട്, ബോസ്നിയാക് സൈന്യത്തിനെതിരേ പടവെട്ടിയ ബോസ്നിയന്‍ സെര്‍ബ് സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു മ്ലാഡിച്ച്. 1995ല്‍ സ്രെബ്റെനിക്കയില്‍ നടന്ന കൂട്ടക്കൊലയില്‍ 7000 പേര്‍ക്കു ജീവഹാനി നേരിട്ടു. ഇതിനു മ്ലാഡിച്ച് ഉത്തരവാദിയാണെന്നു ട്രൈബ്യൂണല്‍ കണ്ടെത്തി. യുദ്ധത്തിനുശേഷം ഒളിവിലായിരുന്ന മ്ലാഡിച്ചിനെ 2011ല്‍ വടക്കന്‍ സെര്ബിയയില്നിന്നാണ് അറസ്റ്റു ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല