സ്വന്തം ലേഖകന്‍: സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം, തൊഴില്‍ നഷ്ടമാകുക നൂറുകണക്കിന് മലയാളികള്‍ക്ക്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മൂലം കേരളത്തില്‍ നിന്നുളള പ്രമുഖ ജ്വല്ലറികളുടെ ശാഖകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന.
2007ല്‍ ജ്വല്ലറികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് സൗദി മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഷോപ്പിംഗ് മാളുകളിലും മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും വിജയകരമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞതോടെയാണ് രണ്ടു മാസം മുമ്പ് ജ്വല്ലറികളിലും സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.
സ്വദേശി യുവാക്കള്‍ക്ക് അനുയോജ്യമായ മേഖലയാണ് ജ്വല്ലറികളിലെ ജോലി എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്വദേശികളെ നിയമിക്കുന്നതോടെ ആറു മാസത്തിനകം പതിനായിരത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ജ്വല്ലറി ഉടമകള്‍ക്ക് നേരത്തെ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി രണ്ടുമാസത്തെ സാവകാശവും അനുവദിച്ചു. ഡിസംബര്‍ 5ന് കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജ്വല്ലറികളിലും സ്വദേശികളെ നിയമിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ആവശ്യപ്പെട്ടു.
സൗദിയിലെ ജ്വല്ലറി നിക്ഷേപകരില്‍ 70 ശതമാനവും സ്വദേശികളാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ കാലത്തെ പരിശീലനം കൊണ്ട് സ്വദേശികള്‍ക്ക് ഈ മേഖലയില്‍ മികച്ച സേവനം ചെയ്യാന്‍ കഴിയുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. അതേസമയം, പരിശീലനം നേടിയ സ്വദേശികള്‍ കുറവാണെന്നും ഇത് ജ്വല്ലറികളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ജ്വല്ലറി വിഭാഗം നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കരിം അല്‍ അന്‍സി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല