സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണം, ഈജിപ്ഷ്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി തുടങ്ങി, ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം. പള്ളിയില്‍ ആരാധനയ്ക്കായി എത്തിയ നൂറു കണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും ഭീകരതാവളങ്ങള്‍ തകരുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര് രിഫായ് അറിയിച്ചു. ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകര്‍ക്കുകയും ആയുധ ശേഖരങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും രിഫായ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 305 ആയി ഉയര്‍ന്നു. ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്.
വടക്കന്‍ സിനായില്‍ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും വെടിവെപ്പിലും പിന്നില്‍ നാല്പതോളം ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘവും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കാനും സീസി ഉത്തരവിട്ടു. സംഭവത്തെ തുടര്‍ന്ന് കൈറോ രാജ്യാന്തര വിമാനത്താവളം അടക്കം കനത്ത സുരക്ഷാ വലയത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല