സ്വന്തം ലേഖകന്‍: വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍. അടുത്ത മാസം മുതല്‍ നിയമനങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനം വഴിയാക്കും. അനധികൃത ഏജന്‍സികള്‍ വഴി റിക്രൂട് ചെയ്യപ്പെട്ടവരെ രാജ്യം വിടാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തട്ടിപ്പിന് ഇരയാകുന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു സംബന്ധിച്ച പരീക്ഷണ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഏജന്‍സികള്‍ വഴി മാത്രമായിരിക്കും കപ്പല്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്. ഡിജിഷിപ്പിങ് പോര്‍ട്ടല്‍, ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവ തമ്മില്‍ ഏകോപനം നടത്തിയാണ് ഇ മൈഗ്രേറ്റ് സംവിധാനം വഴി നിയമനം നടപ്പാക്കുക.
ഇന്ത്യക്കാരായ നാവികരുടെ വിവരങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനത്തിലേക്കു ചേര്‍ക്കുന്നതിന് ആദ്യം ഡിജിഎസിനാണു വിവരങ്ങള്‍ നല്‍കേണ്ടത്. ഇന്ത്യന്‍ കപ്പലുകളുടെ ഉടമസ്ഥര്‍ക്ക് നാവികരുടെ വിവരങ്ങള്‍ ഡിജിഎസില് നേരിട്ടോ, അംഗീകൃത റിക്രൂട് മെന്റ് ഏജന്‍സി വഴിയോ നല്‍കാം. മാസ്റ്റര്‍, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്കും നേരിട്ട് ഡിജിഎസിനെ സമീപിക്കാവുന്നതാണ്. വിദേശ കപ്പലുകള്‍ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് ഡിജിഎസില് വിവരങ്ങള്‍ നല്‍കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല