സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെയുള്ള സൈനിക അതിക്രമങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മ്യാന്മാറിലേക്ക് തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യാന്മാറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം ആരംഭിച്ചിരുന്നു.
സ്യൂചി, പ്രസിഡന്റ് തിന് ക്യോ എന്നിവരുമായി മാര്‍പാപ്പ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ബുദ്ധമത നേതാക്കളെയും അദ്ദേഹം കാണും. ഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളായ മ്യാന്മാറില് ഒരു ശതമാനം മാത്രമാണ് റോമന്‍ കത്തോലിക്കര്‍. മ്യാന്മാര് സേനാമേധാവി മിന് ആങ് ലൈങ്ങിനെയും പാപ്പ കാണുമെന്നാണ് സൂചന.
മ്യാന്മാറിലെ പ്രസംഗങ്ങളില്‍ റോഹിംഗ്യ എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മ്യാന്മര് സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം റോഹിംഗ്യ എന്നതിനു പകരം ബംഗാളികള്‍ എന്ന് വംശീയമായാണ് റോഹിംഗ്യകളെ വിശേഷിപ്പിക്കാറുള്ളൂ. ആറു ദിവസത്തെ സന്ദര്‍ശനത്തില്‍ ബംഗ്ലാദേശും സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അവിടത്തെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല