സ്വന്തം ലേഖകന്‍: 2022 ഫിഫ ലോകകപ്പിനായി അത്ഭുത സ്റ്റേഡിയം നിര്‍മ്മിച്ച് ഖത്തര്‍, മണിക്കൂറുകള്‍ കൊണ്ട് പൊളിച്ചു മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാവുന്ന വമ്പന്‍ സ്റ്റേഡിയം വാര്‍ത്തയാകുന്നു. ദോഹയിലെ റാസ് അബു അബൂദ് ഫുട്ബോള്‍ സ്റ്റേഡിയമാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ണമായും പൊളിച്ച് നീക്കി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കാന്‍ കഴിയും വിധം നിര്‍മിച്ചിരിക്കുന്നത്.
2022ലെ ലോകകപ്പിനായി ഖത്തര്‍ നിര്‍മിക്കുന്ന എട്ട് പുതിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നാണ് ദോഹയിലെ റാസ് അബു അബൂദ് സ്റ്റേഡിയം. മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് അബു അബൂദ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ഷിപ്പിങ് കണ്ടെയ്നറുകള്‍ പ്രത്യേക രീതിയില്‍ പരിഷ്ക്കരിച്ചാണ് ഈ ബ്ലോക്കുകള്‍ തയ്യാറാക്കുക.
സ്റ്റേഡിയം നിര്‍മാണത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളെല്ലാം ഈ കണ്ടെയ്നറുകളിലുണ്ടായിരിക്കും. വളരെ വേഗത്തില്‍ കൂട്ടിയോജിപ്പിക്കാനും പൊളിച്ചു മാറ്റാനും കഴിയുന്ന തരത്തിലാണു ഇവയുടെ ക്രമീകരണം. ഈ സാങ്കേതിക വിദ്യയനുസരിച്ച് നിര്മിക്കുന്പോള് സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് സ്റ്റേഡിയത്തിന്റെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
ദോഹ കോര്‍ണിഷിന് സമീപം നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ കണ്ടെയനര്‍ ബ്ലോക്കുകള്‍ കപ്പല്‍മാര്‍ഗം ആയിരിക്കും നിര്‍മാണ സ്ഥലത്ത് എത്തിക്കുക. 2022ലെ ലോകകപ്പ് ഫുട്ബോളിനു ശേഷം സ്റ്റേഡിയം പൊളിച്ചു മാറ്റി ഈ സ്ഥലം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വിശാലമായ പാര്‍ക്കായി മാറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല