സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ 32 കാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് 263 ഓളം നാണയങ്ങളും ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ്. മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സട്ന ജില്ലയിലെ സോഹാവാല്‍ സ്വദേശിയായ മുഹമ്മദ് മഖ്സൂദിന്റെ വയറില്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ അന്തംവിട്ടത്. ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച് കിലോ വരുന്ന ഇരുമ്പ് സാധനങ്ങള്‍!
കഴിഞ്ഞ നവംബര്‍ 18 നാണ് മഖ്സൂദിനെ വയറു വേദന കാരണം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചത്. ഡോ. പ്രിയങ്ക് ശര്മയടങ്ങുന്ന സംഘം മഖ്സൂദിന്റെ എക്സ്റേ അടക്കമുള്ള മറ്റു പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് വേദനക്കുള്ള കാരണം കണ്ടെത്തിയത്. 12 ഓളം ഷേവിങ് ബ്ലേഡുകളും നാല് വലിയ ആണികളും ഒരു ഇരുമ്പ് മാലയും 263 നാണയങ്ങളും കുപ്പി കഷ്ണങ്ങളും ലഭിച്ചതായി ഡോ പ്രിയങ്ക് ശര്‍മ പറഞ്ഞു.
ആറ് മാസത്തോളം സട്നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഖ്സൂദ്. അതിന് ശേഷമാണ് റെവായിലേക്ക് കൊണ്ടുവന്നത്. മഖ്സൂദിന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്നും അയാള്‍ രഹസ്യമായാണ് ഇത്രയും സാധനങ്ങള്‍ വിഴുങ്ങിയിരിക്കാന് സാധ്യതയെന്നുമാണ് ഡോ ശര്‍മയുടെ നിഗമനം. ഏതായാലും ശസ്ത്രക്രിയക്കു ശേഷം മഖ്സൂദിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായും മികച്ച ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അയാളെന്നും ഡോ. ശര്‍മ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല