സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധ ട്വീറ്റിന്റെ പേരില്‍ ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, പോയി സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കാന്‍ ട്രംപിന്റെ മറുപടി. ഇസ്ലാം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ‘നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കൂ,’ എന്നാണ് ട്രംപ് തിരിച്ചടിച്ചത്. ട്വിറ്ററിലൂടെ തന്നെയായിരുന്നു ട്രംപിന്റെ പ്രതികരണം.
‘തെരേസ മേയ്, എന്നെ ശ്രദ്ധിക്കരുത്, പകരം നിങ്ങളുടെ രാജ്യത്ത് ഉണ്ടാവുന്ന വിനാശകാരിയായ ഇസ്ലാം തീവ്രവാദത്തെ ശ്രദ്ധിക്കൂ, ഇവിടെയെല്ലാം ശാന്തമാണ്,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മുസ്ലീം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മൂന്ന് വീഡിയോ സന്ദേശങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് തെരേസ മേയുടെ വക്താവ് രംഗത്തെത്തുകയും ചെയ്തു.
വിദ്വേഷകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ട്രംപ് തെറ്റ് ചെയ്തുവെന്നായിരുന്നു തെരേസ മേയുടെ വക്താവിന്റെ പ്രതികരണം. ബ്രിട്ടണ് ഫസ്റ്റ് എന്ന ബ്രിട്ടണിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്സെന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ട്വീറ്റുകള്‍ വൈറലായതോടെ ട്രംപിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവും ശക്താമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല