സ്വന്തം ലേഖകന്‍: കുവൈത്തില്‍ അപൂര്‍വ രക്ത ഗ്രൂപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ കര്‍ണാടക യുവതിക്ക് തുണയായത് മലയാളി യുവാവ്. ബോംബെ ഗ്രൂപ്പ് എന്ന അപൂര്‍വ ഗ്രൂപ്പില്‍പ്പെട്ട തലശേരി സ്വദേശി നിതീഷാണു കര്‍ണ്ണാടക ഉടുപ്പി സ്വദേശി വിനീതയുടെ ജീവന്‍ രക്ഷിച്ചത്. കുവൈത്തിലെ ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍ ഖത്തറില്‍ പ്രവാസിയായ നിധീഷിനെ വ്യാഴാഴ്ച ഉച്ചയോടെ കുവൈത്തില്‍ എത്തിക്കുകയായിരുന്നു.
കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയ കാത്ത് കഴിയുകയായിരുന്നു വിനീത. എന്നാല്‍ പത്ത് ലക്ഷത്തില്‍ 4 പേരില്‍ മാത്രം കാണുന്ന ‘ബോംബൈ ഗ്രൂപ്പ്’ എന്നപേരില്‍ അറിയപ്പെടുന്ന രക്ത ഗ്രൂപ്പാണു വിനീതയുടേത് എന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്. കുവൈത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ദയാനന്ദന്റെ ഭാര്യയായ വിനീത അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണു ഗര്‍ഭിണിയായത്.
ഈ മാസം 25 നു സിസേറിയന്‍ ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന് ആവശ്യമായ രക്തം കണ്ടെത്താന്‍ കഴിയാതായതോടെ വിനീതയുടെ ബന്ധുക്കളും ആശുപതി അധികൃതരും കുഴങ്ങി. തുടര്‍ന്ന് ശസ്ത്രക്രിയ മാറ്റി വെക്കേണ്ടി വരികയും ചെയ്തു. സംഭവം അറിഞ്ഞ ബ്ലഡ് ഡോണേഴ്‌സ് ഫോറം കുവൈത്ത് ചാപ്റ്ററിന്റെ പ്രവര്‍ത്തകര്‍ ചാപ്റ്ററിന്റെ മറ്റു രാജ്യങ്ങളിലെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഖത്തറിലെ ഒരു നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറായ കണ്ണൂര്‍ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥിനെ കണ്ടെത്തി.
തുടര്‍ന്ന് രക്തദാതാവായ നിതീഷിനെ വ്യാഴാഴ്ച ഉച്ചയോടെ ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍ കുവൈത്തില്‍ എത്തിച്ചു. ജാബിരിയ ബ്ലഡ് ബാങ്കില്‍ വെച്ചാണു നിതീഷ് തന്റെ അപൂര്‍വ്വയിനത്തില്‍ പെട്ട രക്തം നല്‍കിയത്. രക്തത്തിന്റെ ലഭ്യത പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എത്രയും പെട്ടെന്ന് തന്നെ യുവതിയുടെ ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല