സ്വന്തം ലേഖകന്‍: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. 56 വയസ്സായിരുന്നു. രക്ത സംബന്ധനായ അസുഖബാധിതനായി ചികിത്സയിലായിരുന്നു അബി. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍.
ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ഒരുപാട് സിനിമകളിലും അബി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിന് ശേഷം അബി പിന്നേയും മിമിക്രി രംഗത്ത് സജീവമാവുകയായിരുന്നു. ഹബീബ് അഹമ്മദ് എന്നായിരുന്നു അബിയുടെ മുഴുവന്‍ പേര്. മിമിക്രി രംഗത്ത് സജീവമായതോടെ ആയിരുന്നു അബി എന്ന പേര് സ്വീകരിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി താരങ്ങളില്‍ ഒരാളായിരുന്നു അബി. ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന് അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. മുംബൈയില്‍ സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് ചെയ്തിട്ടുണ്ട് അബി. എന്നാല്‍ പിന്നീട് മിമിക്രിയിലേക്ക് വരികയായിരുന്നു.
പഠന കാലത്തും മിമിക്രിയില്‍ സജീവമായിരുന്ന അബി മഴവില്‍ കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്, അനിയത്തി പ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് തുടങ്ങി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അബിയുടെ മകനാണ് പ്രമുഖ സിനിമ താരം ഷെയ്ന് നിഗം. അഹാന, അലീന എന്നിവര്‍ മക്കളാണ്. സുനിലയാണ് ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല