സ്വന്തം ലേഖകന്‍: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം ശക്തമാക്കി അമേരിക്ക, ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ക്കുന്ന കടുത്ത നടപടിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങണമെന്ന ആവശ്യം അറബ് ലോകത്ത് ശക്തിപ്പെടുകയാണ്. അറബ് ലീഗ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ക്കു പുറമെ യു.എന്നിലെ നല്ലൊരു ശതമാനം രാജ്യങ്ങളും യു.എസ് നടപടിയെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
എന്നാല്‍ ജോര്‍ദാന്‍ ഉള്‍പ്പെടെ സഖ്യരാജ്യങ്ങളുടെ പിന്തുണ നേടാന്‍ അമേരിക്ക നീക്കമാരംഭിച്ചിട്ടുണ്ട്. വിശദമായ കൂടിയാലോചനക്കൊടുവിലാണ് ജറുസലമിനെ ഇസ്രായേലിന്റെ ഭാവി തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ യു.എസ് ഒരുമ്പെടുന്നത്. അറബ് രാജ്യങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത യു.എസ് ഭരണകൂടം മുന്‍കൂട്ടി കാണുന്നുണ്ട്. എംബസികള്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ തങ്ങളുടെ എല്ലാ കേന്ദ്രങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ അമേരിക്ക സന്ദേശം കൈമാറിയതായ റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.
ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു. ഇസ്രായേലിന്റെ അധിനിവേശം നടന്ന ഫലസ്തീന് മണ്ണിനെ തന്നെ സയണിസ്റ്റ് രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുളള നീക്കം അറബ് ലോകത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം വീണ്ടും സങ്കീര്‍ണമാക്കുന്ന പ്രഖ്യാപനമായിരിക്കും ഇതെന്ന് അറബ് മാധ്യമങ്ങളും കുറ്റപ്പെടുത്തുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല