സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തരംഗമായി ‘ഡബിള്‍ ഡാബ്’ നൃത്തം, മൈതാനത്ത് ചുവടുവെച്ച് താരങ്ങള്‍, വീഡിയോ വൈറല്‍. മുരളി വിജയിന്റെ സെഞ്ചുറി നേട്ടത്തിനൊപ്പം ചുവടുവെച്ചാണ് കോഹ്ല്ലിയും സംഘവും ആരാധകരുടെ കൈയ്യടി വാങ്ങിയത്. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മുരളിവിജയ് 163 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഡബിള്‍ ‘ഡാബ്’ ഡാന്‍സ് ആഘോഷം.
തല താഴ്ത്തിപിടിച്ച് കൈമടക്കി മുഖത്തോട് സമാന്തരമാക്കി പിടിച്ച് മറ്റേ കൈ പിന്നിലേക്ക് ഉയര്‍ത്തി നില്‍ക്കുന്നതാണ് ഡാബ് ഡാന്‍സ്. ബാറ്റ്സ്മാന് കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന് ഡാബ് ഡാന്‍സ് ആദ്യമായി കളത്തില്‍ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ജൂലൈ ആഗസ്തില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രകടനം. രാഹുലിന്റെ ഡാബ് ഡാന്‍സ് പിന്നീട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റെടുത്തു.
ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നാഗ്പൂര്‍ ടെസ്റ്റിനിടെ മുരളി വിജയും ചേതേശ്വര്‍ പൂജാരയും ഡാബ് ഡാന്‍സ് നടത്തി ആഹ്ലാദം പങ്കിട്ടിരുന്നു. വിരാട് കോഹ്ലിയുടെ അഞ്ചാമത്തെ ടെസ്റ്റ് ഡബിള്‍ സെഞ്ചുറി കണ്ട മത്സരത്തില്‍ മുരളി വിജയും(128) ചേതേശ്വര്‍ പുജാരയും(143) ചേര്‍ന്ന് 209 റണ്ണിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ക്രിക്കറ്റിന് മുമ്പേ ഫുട്ബോളിലും ഡാബ് ഡാന്‍സ് പ്രസിദ്ധമാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസെ ലിന്‍ഗാര്‍ഡാണ് കഴിഞ്ഞ ജനുവരിയില്‍ ഫുട്ബോളിന് ഡാബ് ഡാന്‍സ് പരിചയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനോട് 33ന്റെ സമനില പാലിച്ച മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമായിരുന്നു ലിന്‍ഗാര്‍ഡിന്റെ ഡാബ് ഡാന്‍സ്. മാഞ്ചസ്റ്ററിലെ സഹതാരമായ പോള്‍ പോഗ്ബയുടെ ഡാബ് ഡാന്‍സുകളാണ് ഏറെ പ്രസിദ്ധം. എവര്ടണ് താരം ലുകാകുവിന്റെ ഡാബ് ആഘോഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല