സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ട്രംപ് ബുധനാഴ്ച ജറുസലേം സന്ദര്‍ശനത്തിന്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമോ ഇല്ലയോ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍, അമേരിക്കയുടെ നീക്കത്തിനെതിരേ പലസ്തീന് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചാല്‍ അത് ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കാമെന്ന പ്രതീക്ഷ ഇല്ലാതാക്കുമെന്ന് അറബ് ലീഗ് തലവന്‍ അഹ്മദ് അബ്ദുള്‍ ഘെയിറ്റ് പറഞ്ഞു. യു.എസ്. നയതന്ത്ര കാര്യാലയം ടെല്‍ അവീവില്‍നിന്ന് ആറു മാസത്തേക്ക് ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള അനുമതിയാണ് ട്രംപ് പ്രഖ്യാപിക്കേണ്ടത്. 1995 മുതല്‍ എല്ലാ പ്രസിഡന്റുമാരും ചെയ്യുന്നതാണിത്.
1995 ല്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന നിയമം യു.എസ്. കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ഇതനുസരിച്ച് ജൂണ്‍ ഒന്നിന് ട്രംപ് പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ഇതുണ്ടായില്ലെങ്കിലും ട്രംപ് ജറുസമേമിന് അനുകൂല നിലപാടുകാരനാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ട്രംപിന്റെ തീരുമാനം ഉടനുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ മരുമകന് ജാരെദ് കുഷ്നര്‍ പറഞ്ഞു.
എന്നാല്‍ അമേരിക്ക അങ്ങനെ ചെയ്താല്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന് പലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് മുന്നറിയിപ്പ് നല്കി. പലസ്തീനിയന്‍ അതോറിറ്റി അധ്യക്ഷന്‍ മഹ്മൂദ് അബ്ബാസ്, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുമായി ഫോണില്‍ സംസാരിച്ചു. അമേരിക്ക നയം മാറ്റിയാല്‍, എതിര്‍ക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല