സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍. യുഎസിന്റേയും സഖ്യകക്ഷികളുടേയും കനത്ത ആക്രമണത്തിന്റെ ഫലമായി ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യുഎസ് സൈന്യത്തിലെ കേണല്‍ റയന്‍ ഡില്ലന് ട്വീറ്റ് ചെയ്തു.
മൂവായിരത്തില്‍ത്താഴെ ഭീകരരെ അവിടെയുള്ളുവെന്നാണു ഞങ്ങളുടെ കണക്ക്. അതു ഭീഷണിയാണ്. എന്നിരുന്നാലും അവരെ പരാജയപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുകയാണെന്നും ഓണ്‍ലൈന്‍ ചോദ്യോത്തര സെഷന്റെ ഭാഗമായി ഡില്ലന് അറിയിച്ചു. സഖ്യകക്ഷികള്‍ ഇതുവരെ 1,25,000 പേര്‍ക്കു പരിശീലനം നല്കി. ഇതില്‍ 22,000 പേര് കുര്‍ദിഷ് പെഷ്മെര്‍ഗ പോരാളികളാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു.
അതേസമയം, ഐഎസിന്റെ പതനത്തിനു ശേഷവും ഇറാഖിലും സിറിയയിലും യുഎസ് സ്ഥിര സൈനിക താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഐഎസിന്റെ പതനത്തിനുശേഷം ഏതൊക്കെ സഖ്യകക്ഷികള്‍ എത്രകാലം ഇവിടെ നില്‍ക്കണമെന്ന കാര്യം ഇറാഖാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല