മെല്‍ബണ്‍: മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹമ്മദ് ബിന്‍ ഹമാമ്മിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയ ഫിഫയുടെ നടപടിയെ മുന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന് സ്വാഗതം ചെയ്തു. ഏഷ്യന്‍ മേഖലയില്‍ കോഴയുടെയും അഴിമതിയുടെയും വിത്ത് വിതച്ചത് ഹമാമ്മാണെന്ന് വേലപ്പന് ആരോപിച്ചു.
‘നീതി നടപ്പാക്കപ്പെട്ടു. ഇത് ഫിഫക്കും ഫുട്ബോളിനും നല്ലതേ വരുത്തൂ.ഹമാമ്മിനു കിട്ടിയ വിലക്ക് ഏഷ്യന്‍ ഫുട്ബോളിനു ലഭിച്ച ഏറ്റവും മികച്ച കാര്യമാണ്’ ഹമ്മാമിന്റെ കടുത്ത എതിരാളിയായി അറിയപ്പെടുന്ന വേലപ്പന് പറഞ്ഞു.
ശനിയാഴ്ചയാണ് ഹമാമ്മിന് ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കെക്കൂലികേസില് കുറ്റക്കാരനാണെന്ന് ഫിഫയുടെ എത്തിക്സ് കമ്മിറ്റി(സദാചാര സമിതി) കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയത്.
കരീബിയന്‍ ഫുട്ബോള്‍ അധികൃതര്‍ക്ക് , ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ഹമാമ്മിന് അനുകൂലമായി വോട്ടു ചെയ്യാന്‍ 24,000 യൂറോ കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് 62കാരനായ ഹമാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിരുന്നു. ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുതിര്‍ന്ന നിര്‍വാഹക സമിതി അംഗത്തിനു ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തുന്നത്
ഇതോടെ ദേശീയ, അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളിലോ ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലോ ഹമാമിനു പങ്കെടുക്കാന്‍ കഴിയില്ല. അതേസമയം, നീതിയ്ക്കായി ഏതറ്റംവരെയും പോകുമെന്നും ഫിഫയുടെ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഹമാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല