സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കൊടുങ്കാറ്റ്, കണ്ണീര് തോരാതെ കേരള തീരം, കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം, ദുരിത ബാധിതക്കാര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തെരച്ചില്‍ തുടരുകയാണ്.
കൊച്ചി കേന്ദ്രീകരിച്ചാന്ന് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ, ഇന്ന് പുറംകടലില്‍ കുടുങ്ങിയ 12 മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപെടുത്തി. രണ്ട് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തിയിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ലക്ഷദ്വീപിന് സമീപത്ത് കുടുങ്ങിയ 12 തൊഴിലാളികളെയാണ് നാവികസേന രക്ഷപെടുത്തിയത്.
ഓഖി ചുഴലിക്കാറ്റു മൂലം ദുരന്തം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്കാന് തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആകെ 20 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുന്നത്.
ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവിതോപാധിയായി ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കും. സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കാനും തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല