സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയെന്ന് യൂറോപ്യന്‍ കമ്മീഷന്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേത് അയവുള്ള നിലപാടാണെന്ന വിമര്‍ശനവുമായി ബ്രിട്ടനില്‍ പ്രതിപക്ഷം. പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജന്‍കറും നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന പുരോഗതി. ഐറിഷ് അതിര്‍ത്തി, ബ്രിട്ടനിലെ വിവാഹമോചന ബില്‍, പൗരന്മാരുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്.
വടക്കന്‍ അയര്‍ലന്റില്‍ കര്‍ശനമായ അതിര്‍ത്തി പരിശോധനയുണ്ടാവില്ലെന്ന് തെരേസ മേയ് ഉറപ്പ് നല്കി. സ്വതന്ത്ര അയര്‍ലന്റില്‍ നിന്നും വടക്കന്‍ അയര്ലന്റിലേക്കുള്ള വ്യാപാരത്തിന് മുന്‍പ് അതിര്‍ത്തി പരിശോധനയുണ്ടായിരുന്നില്ല. ഇത് നിലനിര്‍ത്താന്‍ സ്വതന്ത്ര അയര്‍ലന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ബ്രിട്ടന് അതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
വിവാഹ മോചന വ്യവസ്ഥയായി 45 മുതല്‍ 55 ബില്ല്യണ്‍ യൂറോ നിശ്ചയിച്ചു. 30 ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് മേയ് കൂട്ടിചേര്‍ത്തു. ഡിസംബര്‍ 14,15 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍, യൂറോപ്യന്‍ യൂണിയന് നേതാക്കളും, ബ്രിട്ടനും തമ്മില്‍ ബ്രെക്സിറ്റ് രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തും. അതേസമയം ചര്‍ച്ചകളില്‍ തെരേസാ മേയ് അയവുള്ള നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല