സ്വന്തം ലേഖകന്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി തള്ളി ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര തലത്തില്‍ യുഎസ് ഒറ്റപ്പെടുന്നു. ട്രംപിന്റെ നീക്കം പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ്. ഒറ്റപ്പെട്ടത്.
ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യു.എന്‍. രക്ഷാസമിതി അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്രസങ്കല്പത്തെ പിന്തുണയ്ക്കുന്ന തങ്ങള്‍ ജറുസലേമില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കില്ലെന്ന് രക്ഷാസമിതിയില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.
അതേസമയം, യു.എന്‍. നടപടിയെ അമേരിക്ക കടുത്ത ഭാഷയില്‍ അപലപിച്ചു. വര്‍ഷങ്ങളായി ഇസ്രയേലിനുനേരേ ശത്രുതാമനോഭാവം സൂക്ഷിക്കുന്ന ലോകത്തിലെതന്നെ പ്രധാനകേന്ദ്രമാണ് യു.എന്‍. എന്ന് യു.എസ്. പ്രതിനിധി നിക്കി ഹാലേ പറഞ്ഞു. അതേസമയം പലസ്തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും സംഘര്‍ഷത്തിലും മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല