സ്വന്തം ലേഖകന്‍: ഇസ്രായേല്‍ തലസ്ഥാന മാറ്റം, വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍, പലസ്തീനില്‍ തെരുവു യുദ്ധം. ജറൂസലം ഇസ്രയേല്‍ തലസ്ഥാനം ആയി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. ലബനാനില്‍ യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കുനേരെ സുരക്ഷസേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
യു.എസ് എംബസിയിലേക്കുള്ള റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞിരുന്നു സൈന്യം. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രതിഷേധകരെയാണ് ജലപീരങ്കിയുമായി സൈന്യം നേരിട്ടത്. വടക്കന്‍ ബൈറൂതിലെ ഔകാറിലാണ് സംഭവം. ചിലര്‍ കമ്പിവേലികള്‍ മാറ്റി എംബസിസമുച്ചയത്തിലേക്ക് പ്രവേശിച്ചു. എംബസിക്കു പുറത്തു വെച്ച് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു. അതേസമയം, പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പ്രക്ഷോഭകരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദശകങ്ങളായുള്ള യു.എസ് നയതന്ത്ര കീഴ്വഴക്കം കാറ്റില്‍പറത്തി ട്രംപ് ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. നീക്കത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചിരുന്നു. അതേസമയം, വീറ്റോ അധികാരമുള്ളതിനാല്‍ യു.എസിനെതിരെ രക്ഷാസമിതിക്ക് നടപടിയെടുക്കാനാവില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല