സ്വന്തം ലേഖകന്‍: മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍. ടൈംസ് സ്ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ടെര്‍മിനല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ ചാവേറാണെന്നാണു വിവരം.
ദേഹത്തു വയറുകള്‍ ഘടിപ്പിച്ച നിലയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കയ്യിലെ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചെന്നും എന്നാല്‍ ശരീരത്തിലെ ബോംബ് നിര്‍വീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിലാണ് ഇയാള്‍ക്കു പരുക്കേറ്റത്. യാത്രക്കാരായ മറ്റു നാലു പേര്‍ക്കു കൂടി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇത് ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ ഏഴോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. 7.19നാണ് തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഫോണ്‍സന്ദേശം ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് അഗ്നിശമന സേനാവിഭാഗം അറിയിച്ചു. പൈപ്പ് ബോംബാകാം പൊട്ടിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല