സ്വന്തം ലേഖകന്‍: ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ബ്രസല്‍സില്‍. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസിന്റെ പ്രഖ്യാപനം യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുവരുത്തിന്നതിന്റെ ഭാഗമായാണ് നെതന്യാഹു ബ്രസല്‍സിലെത്തിയത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യു.എസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നീക്കം.
20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബ്രസല്‍സിലെത്തുന്നത്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും യു.എസിന്റെ തീരുമാനം പിന്തുടരുമെന്നും അവരുടെ എംബസികള്‍ ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രത്യാശിക്കുന്നതായും നെതന്യാഹു പറഞ്ഞു. തെല്‍അവീവില്‍ നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിന് യു.എസ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം, ജറൂസലം വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഇ.യു വിദേശകാര്യ നയമേധാവി ഫെഡറിക് മൊഗ്ഹേരിനി വ്യക്തമാക്കി.
ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയിലൂടെ മാത്രമേ പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് കരുതുന്നതെന്നും അവര്‍ സൂചിപ്പിച്ചു. ബ്രസല്‍സിലെത്തും മുമ്പ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നെതന്യാഹു ചര്‍ച്ച നടത്തി. ’70വര്‍ഷമായി ജറൂസലം ഇസ്രായേല്‍ തലസ്ഥാനമാണ്. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാത്ത യു.എന്‍ തീരുമാനം ഹാസ്യാത്മകമാണ്. സമാധാനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണെന്നും പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല