സ്വന്തം ലേഖകന്‍: സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെയാണ് ഉത്തര കൊറിയ കള്ളനോട്ടടി തുടങ്ങിയതെന്നാണ് സൂചന. ഏറ്റവും അത്യാധുനിക മാര്‍ഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്.
ദക്ഷിണകൊറിയയിലെ ഒരു ബാങ്കില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പര്‍ നോട്ടാ’ണ് ബാങ്കില്‍ ലഭിച്ചത്. കള്ളനോട്ടാണെന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താല്‍ തയാറാക്കിയതാണ് നോട്ട്.
ഇക്കഴിഞ്ഞ നംവബറിലായിരുന്നു സംഭവം. കെഇബി ഹന ബാങ്കിന്റെ സോള്‍ ബ്രാഞ്ചിലാണ് ഈ നോട്ടെത്തിയത്. ആദ്യഘട്ടത്തില്‍ പ്രശ്നങ്ങളൊന്നും തോന്നിയില്ല. പിന്നീട് കള്ളനോട്ടു വിരുദ്ധ വിഭാഗം നടത്തിയ സൂക്ഷ്മപരിശോധനയിലാണ് നോട്ട് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഉത്തര കൊറിയയ്ക്ക് ഇതുമായി നേരിട്ടു ബന്ധമുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും തെളിവു ലഭിച്ചിട്ടില്ല.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റലിജന്റ്സ് വിഭാഗത്തെയും സുരക്ഷാവിഭാഗത്തെയും ബാങ്ക് വിവരം അറിയിച്ചിട്ടുണ്ട്. പുത്തന്‍ ‘സൂപ്പര്നോട്ടുകളില്’ ഇത്തരത്തിലൊരെണ്ണം ലോകത്തു തന്നെ ആദ്യമാണെന്ന് കെഇബി ഹന ബാങ്കിലെ കള്ളനോട്ടുവിരുദ്ധ വിഭാഗം തലവന്‍ യി ഹോ–ജൂങ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല