സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം. പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് പാക് എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു.
സൗദി അറേബ്യയിലെ മദീനയില്‍ നിന്നും മുള്ട്ടാനിലേക്ക് പോയ പാക് എയര്‍ലൈന്‍സിന്റെ പികെ 716 വിമാനമാണ് പ്രസവത്തിന് സാക്ഷ്യം വഹിച്ചത്. ‘അദ്ഭുതങ്ങള്‍ എല്ലാദിവസവും സംഭവിക്കുന്നതാണ്. ഇന്ന് മദീനയില്‍ നിന്നും മുള്ട്ടാനിലേക്ക് വന്ന ഞങ്ങളുടെ പികെ 716 വിമാനത്തിലും ഒരു കുഞ്ഞ് അദ്ഭുതം ഉണ്ടായി.
മാതാപിതാക്കളെ ഞങ്ങളീ അവസരത്തില്‍ അഭിനന്ദിക്കുന്നു. അത്യാഹിത ഘട്ടത്തില്‍ അവസരോചിതമായി പ്രവര്‍ത്തിച്ച വിമാന ജീവനക്കാരെയും അഭിനന്ദിക്കുന്നു’, വിമാനക്കമ്പനി ട്വീറ്റ് ചെയ്തു.പ്രസവിച്ച സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ വിമാനക്കമ്പനി പങ്കുവച്ചിട്ടില്ല. ജൂണില്‍ ഇന്ത്യയിലും സമാനമായ സംഭവം നടന്നിരുന്നു. മലയാളിയും കൊച്ചി സ്വദേശിനിയുമായ 29കാരിയാണ് സൗദിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ 36000 അടി ഉയരത്തില്‍ നിന്നും പ്രസവിച്ചത്. ഇതേ തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി.
ജെറ്റ് എയര്‍വേസിന്റെ ബോയിംഗ് 737 വിമാനത്തിലായിരുന്നു ഈ സംഭവം. തുടര്‍ന്ന് ജറ്റ് എയര്‍വേസ് ഈ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ വിമാനടിക്കറ്റ് സൗജന്യമാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 32 ആഴ്ച മാത്രം വളര്‍ച്ചയെത്തിയപ്പോഴാണ് പ്രസവം നടന്നത്. നാട്ടിലേക്ക് മടങ്ങിവരുകയായിരുന്ന മലയാളി നഴ്സാണ് പ്രസവത്തിന് സഹായിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല