സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയ 12 ഉത്തര കൊറിയന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്തെന്ന ആരോപണം, തര്‍ക്കത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. ഉത്തര കൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക. ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണ കൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍.
എന്നാല്‍ ഉത്തര കൊറിയയിലെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ വാദം. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു. 12 പെണ്കുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎന്‍ അന്വേഷകന് തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തങ്ങളുടെ രാജ്യത്തെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണ കൊറിയയ്ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല