സ്വന്തം ലേഖകന്‍: ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കരളില്‍ ലേസര്‍ ഉപയോഗിച്ച് സ്വന്തം ഒപ്പിട്ടു, ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ദന് കുടുങ്ങി. ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാളാണ് രോഗികളേയും മറ്റു ഡോക്ടര്‍മാരേയും ഒരുപോലെ ഞെട്ടിച്ച ഇക്കാര്യം ചെയ്തത്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസര്‍ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യല്‍ ഡോക്ടര്‍ എഴുതിച്ചേര്‍ത്തത്. 2014 ലായിരുന്നു സംഭവം. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു രോഗികളാണ് ഇരകളായത്. സൈമണ്‍ ബ്രാംഹാള്‍ എന്നതിന്റെ ചുരുക്കെഴുത്തായ ‘എസ്ബി’ എന്നാണു കരളുകളില്‍ എഴുതിയത്.
ശസ്ത്രക്രിയയ്ക്കുള്ള ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് മാംസം കരിച്ചാണ് ഇതു ചെയ്തത്. രോഗികള്‍ അബോധാവസ്ഥയിലായിരുന്നു. മറ്റൊരു ഡോക്ടറാണ് ബ്രംഹാളിന്റെ വികൃതി കണ്ടുപിടിച്ചത്. അപൂര്‍വ കുറ്റകൃത്യമാണിതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ബര്‍മിങാം ക്രൗണ്‍ കോടതി ജനുവരിയില്‍ വിധി പറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല